Friday, December 10, 2010

കല്യാണിക്കുട്ടി എന്ന പിന്നണി ഗായിക!


"കാക്ക തൂറി ... ന്നാ തോന്നുന്നേ.. "

ഏതാണ്ടിതേ പോലെ ഒരു ഡയലോഗ് ഏഴാം ക്ലാസ്സില്‍ വെച്ച് ഞാന്‍ പറഞ്ഞുപോയി. ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ "ഇന്‍ ഹരിഹര്‍ നഗര്‍"എന്ന സിനിമയ്യില്‍ ജഗദീഷ് എന്റെ ഡയലോഗ് കോപ്പി അടിച്ചോ എന്ന് പോലുംസംശയിക്കേണ്ടിയിരിക്കുന്നു.


സ്കൂള്‍ യൂത്ത് ഫെസ്റിവല്‍ സമയം അടുക്കുന്നു. ക്ലാസ്സ്‌ ടീച്ചര്‍ ലളിത ടീച്ചര്‍ക്ക്‌വാശി, നമ്മള്‍ക്ക് variety വേണം. അതിനു ടീച്ചര്‍ കണ്ടു പിടിച്ച പരിപാടി അല്പം കടന്നതെങ്ങിലും എല്ലാരും കയ്യടിച്ചു പാസ്സാക്കി. ശ്രീജ ആന്‍ഡ്‌ ഗ്രൂപ്പ്‌ ഡാന്‍സ്ചെയ്യും, പിന്നണിയില്‍ ഞാനും കൃഷ്ണപ്രിയയും പാടും!!! "പിന്നണിയോ????അതെന്തു കുന്തം എന്ന് ആലോചിച്ചതോര്‍ത്തു ഇന്ന് ലജ്ജിക്കുന്നു.

ടീച്ചര്‍ തന്നെ പാട്ടും കണ്ടു പിടിച്ചു, യാത്ര സിനിമയിലെ "ഹോയ് രേരെ ..."

സ്റ്റേജില്‍ പാടാനുള്ള പേടി ടീച്ചറെ അറിയിച്ചപ്പോള്‍ പിന്നെയും പറയുന്നു "പിന്നണി" എന്ന്. ഓ... അപ്പൊ പിന്നില്‍ നിന്ന് പാടിയാ മതിലോ എന്ന് സമാധാനിച്ചു പ്രാക്ടീസ് തുടങ്ങി. ഡാന്‍സ് ഗംഭീരമാകുന്നുണ്ട്, പക്ഷെ പാട്ട്!!! യൂത്ത് ഫെസ്റിവല്‍ അടുക്കാരായിട്ടും പാട്ട് അങ്ങ് ശെരിയാവുന്നില്ല. എന്തോ പ്രശ്നം ഉണ്ടെന്നല്ലാതെ എനിക്കോ കൃഷ്ണപ്രിയക്കോ അത് സോള്‍വ്‌ ചെയ്യാന്‍ അറിയത്തുമില്ല.

ഒരു ദിവസം ലഞ്ച് ടൈം കഴിഞ്ഞു പ്രശ്ന പരിഹാരത്തിന് ഞാന്‍ കൃഷ്ണപ്രിയയെ നിര്‍ബന്ധിച്ചു വലിച്ചു മ്യൂസിക്‌ ടീച്ചറിന്റെ അടുത്ത് പോയി. ഞാനും പ്രിയയും പാടി, ടീച്ചര്‍ അന്തം വിട്ടിരിക്കുന്നു. ടീച്ചര്‍ പറഞ്ഞു എന്റെ പിച്ച് അങ്ങ് മേലെയും പ്രിയയുടെ ഇങ്ങു താഴെയുമാണെന്ന്! പാട്ട് പഠിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്ക് പിച്ച് എന്ന് കേട്ട് എന്ത് മനസ്സിലാകാന്‍??? രാവിലെ biology ക്ലാസ്സില്‍ ഇന്ദിര ടീച്ചര്‍ പറഞ്ഞത് എത്ര വാസ്തവം!!! നമ്മുടെ തലയോടിലെ അനങ്ങാന്‍ പറ്റുന്ന ഏക എല്ല് "താടി എല്ല്" ആണത്രേ! ദേ, എന്റെ താടി എല്ല് തൂങ്ങി ആടുന്നു! എന്തായാലും മ്യൂസിക്‌ ടീച്ചറിന്റെ നല്ലൊരു പിച്ച് കിട്ടിയതോടെ എന്റെയും പ്രിയയുടെയും പിച്ച് ഏകദേശം ഒരു പോലെയായി. സമാധാനം.

ലളിത ടീച്ചര്‍ക്ക്‌ ഐഡിയ കൊണ്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഡാന്‍സിനു ഒരു കൊഴുപ്പ് കിട്ടാന്‍ പല്ലവി കഴിഞ്ഞു tamborine-ഇല് ഗാപ്‌ ഇട്ടു നാല് കൊട്ട്, ആ ടൈമില്‍ നര്‍ത്തകിമാര്‍ ഗ്രൂപ്പ്‌ ആയി നാല് വത്യസ്ഥ പോസുകള്‍! എന്തായാലും പ്രാക്ടീസ് കണ്ടു ക്ലാസ്സിലെ ബാക്കി കുട്ടികള്‍ പറഞ്ഞു ഫസ്റ്റ് നമുക്ക് തന്നെ! കോസ്ടുമിലും വേണം ടീച്ചര്‍ക്ക്‌ വ്യത്യസ്തത! എല്ലാ ക്ലാസ്സിലെയും കുട്ടികള്‍ പട്ടു പാവാടയും ബ്ലൌസും ഇട്ടു ഡാന്‍സ് ചെയുമ്പോള്‍ നമ്മള്‍ 7A- ക്കാര്‍ സെറ്റും മുണ്ടും ധരിച്ചു വേണമത്രേ ഡാന്‍സ് ചെയ്യാന്‍! അതെല്ലാം പോട്ടെ ,പിന്നണിക്കാര്‍ ഞങ്ങളും ഉടുക്കണം സെറ്റും മുണ്ടും!!! ആദ്യമായി സെറ്റും മുണ്ടും ഉടുക്കാന്‍ കിട്ടിയ chance അല്ലെ, എന്തിനാ ടീച്ചറെ ഞങ്ങള്‍ പിന്നണിക്കാര്‍ അത് ഉടുക്കുന്നെ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല.


അങ്ങനെ യൂത്ത് ഫെസ്റ്റ് ഡേ ആയി. അടുത്തത് ഞങ്ങള്‍ 7A-ക്കാരുടെ ഡാന്‍സ്. ലളിത ടീച്ചര്‍ നര്‍ത്തകികളെ അവരുടെ positions -ഇല് നിര്ത്തുന്നു. ഞങ്ങള്‍ പിന്നണിക്കാര്‍ സൈഡ് curtain-ന്‍റെ പുറകില്‍ സ്ഥാനം പിടിച്ചു. നര്‍ത്തകികളുടെ കാര്യം ശെരിയായപ്പോള്‍ ടീച്ചര്‍ ധാ ഓടി ഞങ്ങളെ രണ്ടു പേരെയും കഴുത്തില്‍ പിടിച്ചു പൊക്കി സ്റ്റേജ്-ന്‍റെ സൈഡ്-ല്‍ കൊണ്ട് നിര്‍ത്തി. "അയ്യോ! ടീച്ചറെ ... ഞങ്ങള്‍ വെറും പിന്നണി ആണ്..." എന്നൊക്കെ പറഞ്ഞു കൂവുംബോഴേക്കും കര്‍ട്ടന്‍ തുറന്നു. പെട്ടന്ന് പ്രതീക്ഷിക്കാതെ സ്റ്റേജ്-ലും , ഇത്രയും സദസ്യരേയും എല്ലാം ഒന്നിച്ചു കണ്ടപ്പോള്‍ എന്റെ താടി എല്ല് പശ വെച്ച് ഒട്ടിച്ച പോലെയായി. ഹൃദയമിടിപ്പ്‌ tamborine-ന്‍റെ ശബ്ധതെക്കാളും മുഴുക്കെ കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ പ്രതിമ പോലെ നില്‍പ്പാണ്.

Audience പതിയെ കൂവി തുടങ്ങിയപ്പോള്‍ പ്രിയ എനിക്ക് ഒരു പിച്ച് തന്നു. ധാ, ഞാന്‍ തുടങ്ങി "അയ്യോരെ ഹോയ ര ഹോയ്യെ...". പ്രിയയും കൂടെ പാടി. ഞൊടി യിടക്കുള്ളില്‍ പല്ലവി കഴിഞ്ഞു. ഇനി tamborine-ഇല് 4 കൊട്ട്. അതും മാല പടക്കം പോലെ തീര്‍ന്നു, അനുപല്ലവി- ചരണം- പല്ലവി. ഹ്ഹോ.. ഞങ്ങള്‍ പാടി ഫിനിഷ് ചെയ്തിരിക്കുന്നു. ഒരു ദീര്‍ഖ ശ്വാസം വിട്ടു ഞങ്ങള്‍ നിന്നു. സദസ്സില്‍ കൂട്ട ചിരി. കര്‍ട്ടന്‍ ഇടേണ്ട ആള് തല തല്ലി ചിരിക്കുന്നു. എന്തോ പന്തികേട്‌ തോന്നി ഞാനും പ്രിയയും നോക്കിയപ്പോള്‍, അതാ നര്‍ത്തകിമാര്‍ ഒരു മാതിരി കോമരം തുള്ളി കഴിഞ്ഞ കണക്കെ... ചിലരുടെ മുണ്ട് ഉരിഞ്ഞു പോയിരിക്കുന്നു, ചിലരുടെ മുടി പറിഞ്ഞു പോയിരിക്കുന്നു, ചിലര്‍ ശ്വാസം കിട്ടാതെ നിലത്തിരിന്നു "വെള്ളം.. വെള്ളം.." എന്ന് അലറുന്നു.

ഞാന്‍ പതിയെ പറഞ്ഞു "സ്പീട് അല്പം കൂടി.. ന്നാ... തോന്നുന്നേ...". സ്റ്റേജ്-ല്‍ കര്‍ട്ടന്‍ വീഴുന്നതോടെ എന്‍റെ "കഥ" തീരുന്നു.

ശേഷം ചിന്ത്യം .