Friday, December 10, 2010

കല്യാണിക്കുട്ടി എന്ന പിന്നണി ഗായിക!


"കാക്ക തൂറി ... ന്നാ തോന്നുന്നേ.. "

ഏതാണ്ടിതേ പോലെ ഒരു ഡയലോഗ് ഏഴാം ക്ലാസ്സില്‍ വെച്ച് ഞാന്‍ പറഞ്ഞുപോയി. ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ "ഇന്‍ ഹരിഹര്‍ നഗര്‍"എന്ന സിനിമയ്യില്‍ ജഗദീഷ് എന്റെ ഡയലോഗ് കോപ്പി അടിച്ചോ എന്ന് പോലുംസംശയിക്കേണ്ടിയിരിക്കുന്നു.


സ്കൂള്‍ യൂത്ത് ഫെസ്റിവല്‍ സമയം അടുക്കുന്നു. ക്ലാസ്സ്‌ ടീച്ചര്‍ ലളിത ടീച്ചര്‍ക്ക്‌വാശി, നമ്മള്‍ക്ക് variety വേണം. അതിനു ടീച്ചര്‍ കണ്ടു പിടിച്ച പരിപാടി അല്പം കടന്നതെങ്ങിലും എല്ലാരും കയ്യടിച്ചു പാസ്സാക്കി. ശ്രീജ ആന്‍ഡ്‌ ഗ്രൂപ്പ്‌ ഡാന്‍സ്ചെയ്യും, പിന്നണിയില്‍ ഞാനും കൃഷ്ണപ്രിയയും പാടും!!! "പിന്നണിയോ????അതെന്തു കുന്തം എന്ന് ആലോചിച്ചതോര്‍ത്തു ഇന്ന് ലജ്ജിക്കുന്നു.

ടീച്ചര്‍ തന്നെ പാട്ടും കണ്ടു പിടിച്ചു, യാത്ര സിനിമയിലെ "ഹോയ് രേരെ ..."

സ്റ്റേജില്‍ പാടാനുള്ള പേടി ടീച്ചറെ അറിയിച്ചപ്പോള്‍ പിന്നെയും പറയുന്നു "പിന്നണി" എന്ന്. ഓ... അപ്പൊ പിന്നില്‍ നിന്ന് പാടിയാ മതിലോ എന്ന് സമാധാനിച്ചു പ്രാക്ടീസ് തുടങ്ങി. ഡാന്‍സ് ഗംഭീരമാകുന്നുണ്ട്, പക്ഷെ പാട്ട്!!! യൂത്ത് ഫെസ്റിവല്‍ അടുക്കാരായിട്ടും പാട്ട് അങ്ങ് ശെരിയാവുന്നില്ല. എന്തോ പ്രശ്നം ഉണ്ടെന്നല്ലാതെ എനിക്കോ കൃഷ്ണപ്രിയക്കോ അത് സോള്‍വ്‌ ചെയ്യാന്‍ അറിയത്തുമില്ല.

ഒരു ദിവസം ലഞ്ച് ടൈം കഴിഞ്ഞു പ്രശ്ന പരിഹാരത്തിന് ഞാന്‍ കൃഷ്ണപ്രിയയെ നിര്‍ബന്ധിച്ചു വലിച്ചു മ്യൂസിക്‌ ടീച്ചറിന്റെ അടുത്ത് പോയി. ഞാനും പ്രിയയും പാടി, ടീച്ചര്‍ അന്തം വിട്ടിരിക്കുന്നു. ടീച്ചര്‍ പറഞ്ഞു എന്റെ പിച്ച് അങ്ങ് മേലെയും പ്രിയയുടെ ഇങ്ങു താഴെയുമാണെന്ന്! പാട്ട് പഠിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്ക് പിച്ച് എന്ന് കേട്ട് എന്ത് മനസ്സിലാകാന്‍??? രാവിലെ biology ക്ലാസ്സില്‍ ഇന്ദിര ടീച്ചര്‍ പറഞ്ഞത് എത്ര വാസ്തവം!!! നമ്മുടെ തലയോടിലെ അനങ്ങാന്‍ പറ്റുന്ന ഏക എല്ല് "താടി എല്ല്" ആണത്രേ! ദേ, എന്റെ താടി എല്ല് തൂങ്ങി ആടുന്നു! എന്തായാലും മ്യൂസിക്‌ ടീച്ചറിന്റെ നല്ലൊരു പിച്ച് കിട്ടിയതോടെ എന്റെയും പ്രിയയുടെയും പിച്ച് ഏകദേശം ഒരു പോലെയായി. സമാധാനം.

ലളിത ടീച്ചര്‍ക്ക്‌ ഐഡിയ കൊണ്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഡാന്‍സിനു ഒരു കൊഴുപ്പ് കിട്ടാന്‍ പല്ലവി കഴിഞ്ഞു tamborine-ഇല് ഗാപ്‌ ഇട്ടു നാല് കൊട്ട്, ആ ടൈമില്‍ നര്‍ത്തകിമാര്‍ ഗ്രൂപ്പ്‌ ആയി നാല് വത്യസ്ഥ പോസുകള്‍! എന്തായാലും പ്രാക്ടീസ് കണ്ടു ക്ലാസ്സിലെ ബാക്കി കുട്ടികള്‍ പറഞ്ഞു ഫസ്റ്റ് നമുക്ക് തന്നെ! കോസ്ടുമിലും വേണം ടീച്ചര്‍ക്ക്‌ വ്യത്യസ്തത! എല്ലാ ക്ലാസ്സിലെയും കുട്ടികള്‍ പട്ടു പാവാടയും ബ്ലൌസും ഇട്ടു ഡാന്‍സ് ചെയുമ്പോള്‍ നമ്മള്‍ 7A- ക്കാര്‍ സെറ്റും മുണ്ടും ധരിച്ചു വേണമത്രേ ഡാന്‍സ് ചെയ്യാന്‍! അതെല്ലാം പോട്ടെ ,പിന്നണിക്കാര്‍ ഞങ്ങളും ഉടുക്കണം സെറ്റും മുണ്ടും!!! ആദ്യമായി സെറ്റും മുണ്ടും ഉടുക്കാന്‍ കിട്ടിയ chance അല്ലെ, എന്തിനാ ടീച്ചറെ ഞങ്ങള്‍ പിന്നണിക്കാര്‍ അത് ഉടുക്കുന്നെ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല.


അങ്ങനെ യൂത്ത് ഫെസ്റ്റ് ഡേ ആയി. അടുത്തത് ഞങ്ങള്‍ 7A-ക്കാരുടെ ഡാന്‍സ്. ലളിത ടീച്ചര്‍ നര്‍ത്തകികളെ അവരുടെ positions -ഇല് നിര്ത്തുന്നു. ഞങ്ങള്‍ പിന്നണിക്കാര്‍ സൈഡ് curtain-ന്‍റെ പുറകില്‍ സ്ഥാനം പിടിച്ചു. നര്‍ത്തകികളുടെ കാര്യം ശെരിയായപ്പോള്‍ ടീച്ചര്‍ ധാ ഓടി ഞങ്ങളെ രണ്ടു പേരെയും കഴുത്തില്‍ പിടിച്ചു പൊക്കി സ്റ്റേജ്-ന്‍റെ സൈഡ്-ല്‍ കൊണ്ട് നിര്‍ത്തി. "അയ്യോ! ടീച്ചറെ ... ഞങ്ങള്‍ വെറും പിന്നണി ആണ്..." എന്നൊക്കെ പറഞ്ഞു കൂവുംബോഴേക്കും കര്‍ട്ടന്‍ തുറന്നു. പെട്ടന്ന് പ്രതീക്ഷിക്കാതെ സ്റ്റേജ്-ലും , ഇത്രയും സദസ്യരേയും എല്ലാം ഒന്നിച്ചു കണ്ടപ്പോള്‍ എന്റെ താടി എല്ല് പശ വെച്ച് ഒട്ടിച്ച പോലെയായി. ഹൃദയമിടിപ്പ്‌ tamborine-ന്‍റെ ശബ്ധതെക്കാളും മുഴുക്കെ കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ പ്രതിമ പോലെ നില്‍പ്പാണ്.

Audience പതിയെ കൂവി തുടങ്ങിയപ്പോള്‍ പ്രിയ എനിക്ക് ഒരു പിച്ച് തന്നു. ധാ, ഞാന്‍ തുടങ്ങി "അയ്യോരെ ഹോയ ര ഹോയ്യെ...". പ്രിയയും കൂടെ പാടി. ഞൊടി യിടക്കുള്ളില്‍ പല്ലവി കഴിഞ്ഞു. ഇനി tamborine-ഇല് 4 കൊട്ട്. അതും മാല പടക്കം പോലെ തീര്‍ന്നു, അനുപല്ലവി- ചരണം- പല്ലവി. ഹ്ഹോ.. ഞങ്ങള്‍ പാടി ഫിനിഷ് ചെയ്തിരിക്കുന്നു. ഒരു ദീര്‍ഖ ശ്വാസം വിട്ടു ഞങ്ങള്‍ നിന്നു. സദസ്സില്‍ കൂട്ട ചിരി. കര്‍ട്ടന്‍ ഇടേണ്ട ആള് തല തല്ലി ചിരിക്കുന്നു. എന്തോ പന്തികേട്‌ തോന്നി ഞാനും പ്രിയയും നോക്കിയപ്പോള്‍, അതാ നര്‍ത്തകിമാര്‍ ഒരു മാതിരി കോമരം തുള്ളി കഴിഞ്ഞ കണക്കെ... ചിലരുടെ മുണ്ട് ഉരിഞ്ഞു പോയിരിക്കുന്നു, ചിലരുടെ മുടി പറിഞ്ഞു പോയിരിക്കുന്നു, ചിലര്‍ ശ്വാസം കിട്ടാതെ നിലത്തിരിന്നു "വെള്ളം.. വെള്ളം.." എന്ന് അലറുന്നു.

ഞാന്‍ പതിയെ പറഞ്ഞു "സ്പീട് അല്പം കൂടി.. ന്നാ... തോന്നുന്നേ...". സ്റ്റേജ്-ല്‍ കര്‍ട്ടന്‍ വീഴുന്നതോടെ എന്‍റെ "കഥ" തീരുന്നു.

ശേഷം ചിന്ത്യം .

Wednesday, October 13, 2010

ന്നാലും ന്‍റെ mixie-ടെ അടപ്പേ!!!


Cook ചെയ്യാന്‍ പറഞ്ഞതിന്‍റെ പേരില്‍ ഞാന്‍ തല്ലി പോട്ടിച്ചതാണ് എന്ന് പരക്കെ അഭ്യുഹം ഉണ്ടെങ്കിലും സത്യം അങ്ങനെ അല്ല. പൊട്ടി, അത്രേ ഉള്ളൂ. ഇതൊക്കെ ആരോട് പറയാന്‍!!!

നിങ്ങള്‍ എങ്കിലും വിശ്വസിക്കൂ... നാട്ടുകാരെ, ഈ വീട്ടുകാരീടെ mixie-ടെ അടപ്പ് വളരെ നിര്‍ഭാഗ്യകരമായി താഴെ വീണു ഉടഞ്ഞു പോയി. കഴിഞ്ഞ ഒരു വര്‍ഷം ആ പൊട്ടിയ അടപ്പ് ഇടയ്ക്കിടയ്ക്ക് M-Seal വെച്ച് ഒട്ടിച്ചു ഒട്ടിച്ചു എന്‍റെ seal തീര്‍ന്നു, എന്നു മാത്രമല്ല അതുമായുള്ള യുദ്ധത്തില്‍ അടപ്പ് രണ്ടു കഷ്ണമാവുകയുംച്ചെയ്തു. അടപ്പ് ഒരു പ്രത്യേക രീതിയില്‍ ലോക്ക് ആവാതെ ഇനി പ്രവര്‍ത്തിക്കുകയില്ല എന്ന് പ്രഖ്യാപിച്ചു mixie വിദ്വാനും സമരതിലായി.അടുക്കള പ്രവര്‍ത്തന രഹിതമാവാന്‍ ഇനിയും വേറെ കാരണം വേണ്ടല്ലോ!. ഇപ്പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അടപ്പ് മാറ്റി മേടിക്കാന്‍ പോയതാണ് ഈ കുറിപ്പിന്‍റെ പ്രചോദനം!

നാട്ടില്‍ വളരെ പേര് കേട്ട ഒരു electronic കടയിലേക്ക് ഞാനും എന്‍റെ ഭര്‍ത്താവും ഈ പറഞ്ഞ mixie-ടെ പൊട്ടിയ അടപ്പുമായി കയറി ചെന്നു. അഹാ... വളരെ നല്ല സ്വീകരണം... ഞങ്ങളുടെ ആഗമനഉദ്ദേശ്യം കട ഉടയോടു അറിയച്ചു. ദാ വരുന്നു ഒരു യുവ കോമളന്‍, ഒരു പയ്യന്‍. അവന്‍ നല്ല ചിരിയോടെ എന്നോട് ചോദിക്കുന്നു, : " ഏതു mixie ആണ് മോളെ ? "

(വെറും 25-26 വയസ്സ് തോന്നിപ്പിക്കുന്ന ചെറുക്കന്റെ മോള് വിളി കേട്ടത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ വിശദമായി explain ചെയ്തു . )


ഞാന്‍: "Sumeet. അടപ്പ് കൊണ്ട് വന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ ഉടനെ മേടിച്ചതാ... Mixie-ക്ക് കുഴപ്പം ഇല്ല. അടപ്പ് മാത്രം കിട്ടിയാല്‍ മതി."


Bag-ല്‍ നിന്നും അടപ്പ് തപ്പി എടുത്തു കൊടുക്കുന്നു. അതിനിടെ ഭര്‍ത്താവിനെ തോള് കൊണ്ട് ഒന്ന് തട്ടി "കണ്ടോടെ " എന്ന style-ല്‍ നില്‍ക്കാന്‍ ഞാന്‍ മറന്നില്ല.
കടയിലെ പയ്യന്‍ അടപ്പ് ഒന്ന് നോക്കി, പിന്നെ എന്നെ നോക്കി : "ഇത് ജാമ്പവാന്‍റെ കാലത്തെ ആണെല്ലോ! ഈ model തന്നെ ഇപ്പൊ ഇല്ല. ന്നാ വേറെ mixie നോക്കട്ടെ? "
ഞാന്‍ ശെരി എന്ന് ദയനീയമായി തല ആട്ടി.


പയ്യന്‍ അപ്പുറത്ത് നിന്ന ഒരു പെങ്കോചിനോട് : "ദെ ഈ ആന്‍റിക്ക് പുതിയ mixie കാണിച്ചു കൊടുത്തെ" .

"ആന്‍റി...... ആന്‍റി......ആന്‍റി.....ആന്‍റി....." ഏതോ പരസ്യത്തില്‍ കേട്ട പോലെ അതിങ്ങിനെ എന്‍റെ കാതുകളില്‍ അലയടിച്ചപ്പോള്‍ എന്‍റെ side-ല്‍ നിന്നും അടക്കിയ ഒരു ചിരി ശബ്ദവും.

ആ മോള് വിളി ഒന്ന് ശെരിക്കും ആസ്വദിക്കുന്നതിനു മുന്‍പേ വന്ന ആഖാതത്തില്‍, കാറിന്‍റെ front seat-ല്‍ കൈയ്യില്‍ 4300 രൂപയുടെ bill-ഉം പിടിച്ചു ഞാന്‍ പിറുപിറുത്തു "...ന്നാലും ന്‍റെ mixie-ടെ അടപ്പേ!!!" .


Sunday, August 8, 2010

അമ്മ റെഡി!

ദേവുനു മൂന്നു വയസു പ്രായം. ചില് ചിലാ എന്ന് ചിലച്ചു നടപ്പാണ് കക്ഷിയുടെ ഇഷ്ട വിനോദം. അതെല്ലാം ആസ്വദിച്ചു ഞങ്ങളും.

അങ്ങനെ ഒരു ശനിയാഴ്ച ദിവസം നടന്ന സംഭവം...

ഞങ്ങളുടെ ഒരു friend-നു കുഞ്ഞു ഉണ്ടായി, അതിനു 2 മാസം പ്രായവുമായി. അവര്‍ അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നു 2 മാസത്തേക്ക്. ആ കുഞ്ഞു ജനിച്ച സമയം കാണാന്‍ പോകുമ്പോള്‍ കൊടുക്കാനായി മേടിച്ചു വെച്ച gift ദാ ഇപ്പോഴും ഇവിടിരിക്കുന്നു. ഇനി എങ്കിലും അത് കൊടുത്തില്ലെങ്കില്‍, ശോ വെറുതെ ആയി പോവില്ലേ!!! ഞാന്‍ exclamatory mark ഇട്ടു പല പ്രാവശ്യമായി പറയുന്നു, പക്ഷെ ആര് കേള്‍ക്കാന്‍!!! എന്നും office-ലെ ജോലി അധികമായതിനെ ചീത്ത വിളിക്കുന്ന എന്റെ ഭര്‍ത്താവ് അന്ന് relax ചെയ്ത് ആദ്യമായി TV എന്ന സാധനം കാണുന്ന പോലെ മെഴുഗസ്യാ എന്ന് രാവിലെ മുതല്‍ ഇരിപ്പാണ്. ഞാനോ രാവിലെ മുതല്‍ ആ കുഞ്ഞിനെ കാണാന്‍ പോകുന്നത് ഓര്‍മിപ്പിച്ചു കൊണ്ട് പുറകെയും.

ഉച്ച ആയപ്പോള്‍ ഞാന്‍ പറച്ചില്‍ നിര്‍ത്തി. പെട്ടന്ന് എന്തോ background music നിന്ന പോയ ലക്ഷണത്തില്‍ കക്ഷി മുഖത്തേക്ക് ഒരു ചോദ്യ ചിഹ്നമെരിഞ്ഞു. ഞാന്‍ mind ചെയ്യാതെ പോകുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ആദ്യം ഞാന്‍ ഒരുങ്ങി, പിന്നെ ദേവുട്ടിയെ ഒരുക്കി. ഞാന്‍ പറയുന്നതിനല്ലേ വില ഇല്ലാതുള്ളൂ... ഞാന്‍ ദേവുട്ടി-യോടു പറഞ്ഞു " മോള്‍ അച്ഛനോട് പോയി പറയൂ , അമ്മക്ക് ഇന്ന് baby-യെ കാണാന്‍ പോകണം, ഇപ്പൊ പോയാലെ കാണാന്‍ പറ്റു. ദാ അമ്മ റെഡി ആയി, മോളും റെഡി ആയി, ഇനി അച്ഛന്‍ വേഗം വന്നു റെഡി ആവു.. എന്ന്".

എല്ലാം മനസ്സിലായ പോലെ തല കുലുക്കി അവള്‍ step ഇറങ്ങി താഴെ ചെന്ന് അച്ഛനോട് പറയുന്നു , " അച്ഛാ , അമ്മക്ക് baby വേണം, ഇപ്പൊ വേണം. അമ്മ റെഡി ആയി bathroom-ല്‍ നില്‍പ്പുണ്ട്. അച്ഛന്‍ വേഗം റെഡി ആവാന്‍ അമ്മ പറഞ്ഞു" !!!

Wednesday, July 28, 2010

തീസിസ്‌

തിരുവല്ല അന്ന് ഇത്രയും വളര്‍ന്നിട്ടില്ല. ഒരു കൊച്ചു പട്ടണം, അതിന്‍റെ ഒരു കോണില്‍ ഓടിട്ട കുറെ കടകള്‍, അതില്‍ ഒന്ന് ഒരു പ്രിന്‍റിംഗ് കട. അതിന്‍റെ മുന്‍പില്‍ ആണ് ഞാന്‍ എന്നും ബസ്‌ ഇറങ്ങിക്കൊണ്ടിരുന്നത്. ആ കട കാണുന്നത് എനിക്ക് വെറുപ്പായിരുന്നു, അതിന്‍റെ owner- നു എന്നെ പേടിയും! അതിന്‍റെ പിന്നില്‍ ഒരു ചെറിയ വലിയ കഥ ഉണ്ട്. ഇതാ, ഇവിടെ തുടങ്ങുന്നു എന്‍റെ ആത്മ കഥ രണ്ടാം ഭാഗം.


Msc second year തീരാറായപ്പോള്‍ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട്‌ വന്നു. എനിക്ക് ക്ലാസ്സില്‍ distintion- നോടെ ഫസ്റ്റ്! അധ്യാപകര്‍ക്ക് എന്നോട് ഒരു വാത്സല്യം, കൂട്ടുകാര്‍ക്ക് ഒരു സ്നേഹം, juniors- നു ഒരു ബഹുമാനം... ഉം....... not bad at all... സംഗതി എനിക്ക് ക്ഷ പിടിച്ചു.

സെക്കന്‍റ് year-ല്‍ ഇനി exam ഇല്ലായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. Exam board-കാര്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥന തുടങ്ങി. Board-കാര്‍ക്ക് നല്ല ബുദ്ധി തോന്നിയില്ലെലും വീട്ടുകാര്‍ക്ക് നല്ല ബുദ്ധി തോന്നി. എന്‍റെ കല്യാണം fix. പക്ഷെ പരീക്ഷ എഴുതണം എന്ന condition. ഹോ.. ചെക്കനെ അങ്ങ് പിടിച്ചു പോയി അല്ലായിരുന്നെ.... അല്ലായിരുന്നെ എന്നാ ചെയ്യാനാ, പരീക്ഷ അപ്പോഴും എഴുതേണ്ടി വന്നേനെ. ഇതിപ്പോ സ്വന്തം വീട്ടുകാര്‍ മാത്രമല്ല ചെക്കന്‍റെ വീട്ടുകാരും result അറിയും. അതും ചെക്കനും, ചെക്കന്‍റെ പെങ്ങളും ഏല്ലാം University First Rank holders... ആകെ നാണക്കേട്‌ ആകുമെല്ലോ പുണ്യാളഛാ!!! പാമ്പ് കടിച്ചവന്റെ തലയില്‍ ഇടിത്തീ വീണ പോലെയായി എന്‍റെ അവസ്ഥ. ഇനി ഇപ്പൊ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്തൊക്കെയോ പഠിച്ചു, എന്തൊക്കെയോ എഴുതി, പരീക്ഷ തീര്‍ന്നു.


ഇനിയും കിടക്കുന്നു practicals, projects, viva, seminar .... കടമ്പകള്‍ ബാക്കി. അതിനു മുന്‍പ് വന്നു എന്നെ ഒന്ന് കെട്ടിക്കൂടെ ഇവന്??? ലീവ് കിട്ടുന്നില്ല പോലും! എന്നെ നാണം കേടുതിയെ അടങ്ങൂ. നോക്കിക്കോ, ഞാന്‍ മാനഹാനിക്കു കേസ് കൊടുക്കും @#*^.......

കല്യാണം എന്ന് കേട്ടപ്പോള്‍ സാറ്മ്മാര്‍ക്ക് ദേഷ്യം, പഠിത്തം ഉഴപ്പില്ലേ, seminar , viva ഒക്കെ കഴിഞ്ഞിട്ട് നോക്കിയാ പോരായിരുന്നോ എന്ന് ഒക്കെ എന്‍റെ മുന്നിലും പിന്നിലുമായി നിന്ന് പുലമ്പി. എനിക്ക് ആകെ പേടിയായി. കുറെ internals ഇവരുടെ കയ്യില്‍ ഉള്ളതാണ്. ഉഴപ്പുന്നില്ല എന്ന് ബോധ്യായാലെ അതൊക്കെ കിട്ടു. നമ്മളിലുള്ള മടി പമ്പ കടന്നു. written exam എന്തായാലും പോക്കായി. ഇനി practicals-m viva-ലും ആയി പഴയ പ്രതാപം വീണ്ടെടുക്കണം. കൃഷ്ണാ കാപ്പാതുന്ഗോ....


അങ്ങനെ പ്രൊജക്റ്റ്‌-ന്റെ തയ്യാറെടുപ്പിലാണ് ഞാന്‍. crystal growth ആണ് ഞാന്‍ എടുത്തത്‌. ഉള്ളതില്‍ വേഗം ചെയ്യാവുന്നത്. അങ്ങനെ അത് ഒരു കരക്കെതി, ഇനി thesis submit ചെയ്യണം. ഞാന്‍ ഉഴാപ്പിന്നില്ലെന്നു തെളിയിക്കാന്‍ ആദ്യമേ തന്നെ thesis print ചെയ്യാന്‍ മുന്‍ പറഞ്ഞ പ്രിന്‍റിംഗ് കടയില്‍ കൊടുത്തു. എന്നും ഹജിര്‍ വക്കാന്‍ ആ കടയില്‍ കയറി ഇറങ്ങി. ഹോ എന്താ ജാടാ അതിന്‍റെ ഓണര്‍ക്ക്! ഇതൊക്കെ എന്തോന്ന് thesis എന്ന മട്ടില്‍ അയാളും, ഇതാണ് thesis എന്ന മട്ടില്‍ ഞാനും.


ആഴ്ച രണ്ടു കഴിഞ്ഞു. പതിയെ പതിയെ ക്ലാസ്സിലെ എല്ലാവരും thesis first copy submit ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഹജിര്‍ വെപ്പ് ദിവസം രണ്ടു നേരം ആക്കി കൂട്ടി. ആഴ്ച ഒന്നും കൂടി കഴിഞ്ഞു, എന്‍റെ മാത്രം thesis ഇപ്പോഴും printing കടയില്‍ തന്നെ. Jacob Mathew sir എന്നെ പതിയെ വിളിച്ചു, എന്നിട്ട് അല്പം വിഷമത്തോടെ പറഞ്ഞു "കുട്ടിയുടെ thesis മാത്രം കണ്ടില്ല". ഞാന്‍ ഹജിര്‍ വെപ്പ് കാര്യം പറയാന്‍ വായ തുറന്നപ്പോള്‍ sir ദേഷ്യത്തില്‍ ഒരു ഡയലോഗ്-ഉം "ഇപ്പൊ കുട്ടിക്ക് പഠിത്തത്തില്‍ ഒന്നുമല്ലല്ലോ ശ്രദ്ധ " . ഒന്ന് കൂടി ശ്രമിച്ചു നോക്കാനായി ഞാന്‍ "സാര്‍, അത്.... ഞാന്‍..." വിക്കിയും മൂളിയും പറയാന്‍ തുടങ്ങിയപ്പോള്‍, മതി എന്ന് ആംഗ്യം കാണിച്ചു കൊണ്ട് സാര്‍ നടന്നകന്നു . ദാ... എന്‍റെ internal marks എന്നെ കൊഞ്ഞനം കുത്തി സാറിന്‍റെ കൂടെ തിരിഞ്ഞു നടക്കുന്നു. ഞാന്‍ ആകെ തളര്‍ന്നു. പിന്നെ എന്നിലെ രോഷം ആളി കത്തി. Printing കടയിലെ മനുഷ്യന്‍റെ മുന്‍പില്‍ ഞാന്‍ ഒരു നരസിംഹമായി അവതരിക്കും. ഞാന്‍ ദേഷ്യം കൊണ്ട് നിന്നു വിറക്കാന്‍ തുടങ്ങി. Class കഴിഞ്ഞിട്ടും ഞാന്‍ അതേ ദേഷ്യത്തില്‍ തന്നെ. ഇന്ന് കടയില്‍ ചെന്നിട്ടു രണ്ട് പറഞ്ഞിട്ടേ ഞാന്‍ അടങ്ങൂ എന്ന് ക്ലാസ്സില്‍ പ്രഖ്യാപിച്ചു ബസ്‌ കയറി.


എന്‍റെ ദേഷ്യം കണ്ട് പേടിച്ചു ക്ലാസ്സിലെ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ കുന്നംതാനംകാരി Jenie-യും, തലവടിക്കാരി രേഷ്മിയും കൂടെ ബസ്‌ കയറി. ബസ്‌ ഇറങ്ങി ഞാന്‍ വാണം വിട്ട പോലെ ആ കടയില്‍ ചെന്ന് നിന്നു. ഞാന്‍ നോക്കി , അതാ നില്‍ക്കുന്നു എന്നെ തെറി കേള്‍പ്പിച്ച ആ മനുഷ്യന്‍. എന്‍റെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ അയാള്‍ക്ക് എന്തോ പിശക് തോന്നിയിട്ട് പതിയെ കസേരയില്‍ നിന്നും പൊങ്ങി. ഞാന്‍ വളരെ ക്രൂരമായി അയാളെ നോക്കി, പിന്നെ "ബേഏഏഏഏഹ്ഹ്ഹെ ......" എന്നൊരു ശബ്ദത്തോടെ ഒരു ഒറ്റ കരച്ചില്‍. അയാളെക്കാളും ഞെട്ടിയത് എന്‍റെ കൂടെ വന്ന കൂട്ടുകാരികള്‍ ആയിരുന്നു. അയാള്‍ എന്നോട് ചോദിക്കുന്നു " എന്തിനാ കുട്ടി കരയുന്നെ?, എന്താ പറ്റിയെ? " എന്നൊക്കെ . ഞാന്‍ ദേഷ്യപ്പെടാന്‍ വീണ്ടും ഒരു ശ്രമം നടത്തി. പിന്നെയും "ബ്ബേ...." ശബ്ദം പുറത്തു വന്നതൊഴിച്ചാല്‍ scene വളരെ മോശം ആയികൊണ്ടിരുന്നു. ആളുകള്‍ കൂടാന്‍ തുടങ്ങി. കൂടെ വന്ന കൂട്ടുകാരികള്‍ കാര്യങ്ങള്‍ വിശദമായി അങ്ങേരോട് പറയുമ്പോഴും ഞാന്‍ ദീന രോദനം തന്നെ. അയാള്‍ പറഞ്ഞു "അയ്യോ മോള് കരയാതെ. Thesis ഇപ്പൊ print ചെയ്തു തരാം. " . എല്ലാരും കൂടെ പിടിച്ചു എന്നെ അയാളുടെ കസേരയില്‍ ഇരുത്തി. എനിക്ക് സൌകര്യമായിട്ടിരുന്നു കരയാന്‍ സോഡാ-നാരങ്ങ വെള്ളം ഒക്കെ വരുത്തി തന്നു. അത് ഏങ്ങലടിച്ചു വലിച്ചു കുടിച്ചു തീര്‍ന്നപ്പോഴേക്കും എന്‍റെ thesis മേശപ്പുറത്തു എത്തി.


അതും പെറുക്കി കെട്ടി നെഞ്ചോടോതുക്കി, കൂടി നിന്ന ആരുടേയും മുഖത്ത് നോക്കാതെ ഞാന്‍ വേഗം നടന്നു, എന്‍റെ കണ്ണീരിന്‍റെ വിലയുള്ള ആ thesis-മായി.

അടുക്കള വിശേഷം

എന്‍റെ അനുഭവ കഥ ആയാലോ?

എന്നാ തുടങ്ങട്ടെ?

വീട്ടിലെ കൊച്ചു കുട്ടി ആയതു കാരണം അടുക്കളയില്‍ കയറുന്നത് തിന്നാന്‍ വല്ലതും ആയോ എന്ന് നോക്കാന്‍ മാത്രമായിരുന്നു. അപ്പോഴെല്ലാം അമ്മ chorus പോലെ എപ്പോഴും പറയുമായിരുന്നു "ഈ പെണ്ണിനെ കെട്ടുന്നവന്‍ കഷ്ടപെടുമെല്ലോ , ഈശ്വരാ!!!" . നമുക്ക് ഇത് കേട്ട് കേട്ട് ശീലമായതു കാരണം നമ്മളും കൂടെ അങ്ങ് പറയും, അങ്ങനെ അമ്മയെ മയക്കും. :)

അങ്ങനെ മയക്കി മയക്കി MSc 2nd year ആയി. പതിയെ കല്യാണ ആലോചനകള്‍ തുടങ്ങി. നമള്‍ക്ക് അപ്പോഴും ഒരു കുലുക്കവുമില്ല, അടുക്കളയില്‍ കേറും അമ്മ ഉണ്ടാക്കി വൈക്കുന്നത് കഴിക്കും . അങ്ങനെ സുഖമായി കഴിയുന്ന സമയത്ത്, MSc model exam നടക്കുന്ന സമയത്ത്, ദാ ഒരു കല്യാണ ആലോചന, ചെക്കന്‍ വന്നു , interview എടുത്തു, pass ആയി എന്ന് അറിയിച്ചു. ഹോ നമുക്ക് പെരുത്ത സന്തോഷമായി, പക്ഷെ ഒരു കടമ്പ കൂടി - ചെക്കന്‍റെ പെങ്ങള്‍ക്ക് ഇഷ്ടമാവണം പോലും !!! ഓ പിന്നെ, പെങ്ങള്‍ ഇങ്ങു വരട്ടെ , നമ്മള്‍ കുപ്പിയില്‍ ആക്കും എന്ന ജാടയില്‍ ഞാനും.

രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ Scientist കൂടി ആയ പെങ്ങള്‍ പരിവാരങ്ങളുമായി വന്നു. അതൊരു interview തന്നെ ആയിരുന്നു. ചോദ്യങ്ങള്‍ കൂടുതലും അടുക്കള related കാര്യങ്ങള്‍ ... നമ്മള്‍ പതിയെ പതുങ്ങാന്‍ തുടങ്ങി. ഒടുവിലത്തെ ചോദ്യം - " എന്തെല്ലാം ഉണ്ടാക്കാന്‍ അറിയാം?" . ഞാന്‍ അമ്മയുടെ chorus മനസ്സില്‍ ഓര്‍ത്തു, പിന്നെ രണ്ടും കല്‍പ്പിച്ചു അങ്ങ് പറഞ്ഞു - "അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, കൂടുകറി, എരിശ്ശേരി ,..." (പെങ്ങളുടെ മുഖം സന്തോഷം കൊണ്ട് വികസിച്ചു പൊട്ടാറായി ) ... കുറച്ചു ഒന്ന് പരുങ്ങിയിട്ടു ഞാന്‍ പറഞ്ഞു തീര്‍ത്തു "... ഇതൊന്നും ഉണ്ടാക്കാന്‍ അറിയില്ല. മുട്ട പൊരിക്കാന്‍ അറിയാം" എന്ന്. പെങ്ങടെ വികസിച്ച മുഖം ശുഷ്കിച്ചു ഉണങ്ങി. ഞാന്‍ ചേച്ചിയെ സമാധിനിപ്പിച്ചു "ചേച്ചി പേടിക്കേണ്ട, ഞാന്‍ എല്ലാം പഠിച്ചോള്ളാം ." ആ ഉറപ്പിന്‍റെ പുറത്തു ആണെന്ന് തോന്നുന്നു അവര്‍ എല്ലാരും എന്നെയ്യും എന്‍റെ ചെക്കനേയും കല്യാണം കഴിക്കാന്‍ അനുവദിച്ചു ... ഹീഇയ്യാ ഇനി exam എഴുതാന്‍ പോകേണ്ടല്ലോ !!! ആദ്യം മനസ്സില്‍ വന്നത് അതായിരുന്നു. എവിടെ , ആര് സമ്മതിക്കാന്‍!!!- ഭാവി അമ്മായിയപ്പനും അച്ഛന്‍റെ കൂടെ മറ്റൊരു വില്ലന്‍ വേഷത്തില്‍ മുന്നില്‍ അവതരിച്ചു! അങ്ങനെ പരീക്ഷ എഴുതി.


ഭാരങ്ങള്‍ എല്ലാം ഇറക്കി വെച്ച് കല്യാണം എന്നാവും എന്ന് നോക്കി നോക്കി കലണ്ടര്‍ പത്തു വര്‍ഷം പഴയ പോലെയായി. കല്യാണത്തിന് ഇനിയും നീണ്ട ഒരു വര്‍ഷം കൂടി. അമ്മയുടെ chorus- നു ചെറിയ മാറ്റം വന്നതൊഴിച്ചാല്‍ നമുക്ക് ഒരു മാറ്റവും ഇല്ല. ഇപ്പോള്‍ അമ്മ എന്‍റെ ചെക്കന്‍റെ പേര് include ചെയ്തിരിക്കുന്നു. "ജ്യോതിഷ് കഷ്ടപ്പെടുമെല്ലോ! ഈശ്വരാ!" എന്നാക്കി. കൊള്ളാം ..കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. നമ്മള്‍ happy.


പറഞ്ഞു പറഞ്ഞു കല്യാണം ഇങ്ങു അടുത്തു. May- ല്‍ കല്യാണം! April തീരായാപ്പോള്‍ നെഞ്ചില്‍ ഒരു പിട പിടപ്പ്. ഉള്ള നേരത്ത് അമ്മയുടെ പുറകെ ബുക്കും കൊണ്ട് നടപ്പായി. Chemical equations എഴുതുന്ന പോലെ " കുമ്പളങ്ങ + വഴുനങ്ങ + കായ + മുളക് പൊടി + മല്ലി പൊടി + ........ + കാരറ്റ് ------> " എന്നൊക്കെ എഴുതിയെടുത്തു ഒരു വലിയ recipe ബുക്ക്‌ ഉണ്ടാക്കി. ഇനി എന്ത് പേടിക്കാന്‍!!!


അങ്ങനെ കല്യാണം കഴിഞ്ഞു. രണ്ടു ആഴ്ചത്തെ വിരുന്നു പോകല്‍ എല്ലാം കഴിഞ്ഞു എന്‍റെ ചെക്കന്‍റെ കൂടെ ഞാന്‍ നാട് വിട്ടു. ഇവിടെ വന്നു ഒരു ആഴ്ച കൂട്ടുകാരുടെ ഒക്കെ വീട്ടില്‍ വിരുന്നുണ്ട്‌ നടന്നു. അങ്ങനെ ഞാന്‍ അടുക്കളയില്‍ കേറാന്‍ പോകുന്നു. എന്തിനു പേടി, എന്‍റെ recipe book കൈയ്യില്‍ ഉണ്ടെല്ലോ. ഞാന്‍ ബുക്കും എടുത്തു അടുക്കളയിലേക്കു march ചെയ്തു. ഒരു യുദ്ധത്തിന് പോകുന്ന വീര്യത്തോടെ നമ്മള്‍ ready. പച്ചക്കറികള്‍ എടുക്കുന്നു, വെട്ടുന്നു, പുഴുങ്ങുന്നു, എന്തൊക്കെയോ ചെയ്യുന്നു... എന്താണേല്‍ എന്നാ അഞ്ചു കൂട്ടം കറികള്‍ റെഡി. സാമ്പാര്‍, തീയല്‍, രണ്ടു കൂട്ടം തോരന്‍, അവിയല്‍, നല്ല തുമ്പപ്പൂ പോലുള്ള ചോറും. വിശപ്പിന്റെ വിളി നല്ലോണം എത്തിയിട്ടേ ചെക്കനെ കഴിക്കാന്‍ വിളിച്ചുള്ളൂ. പുള്ളി വന്നു നോക്കിയപ്പോള്‍ ഞെട്ടി, നല്ല കൊതിപ്പിക്കുന്ന കൂട്ടാനുകള്‍ മേശപ്പുറത്തു നിരന്നങ്ങു ഇരിക്കുവല്ലേ! എന്‍റെ കവിളില്‍ പതിയെ ഒന്ന് നുള്ളി , എന്നിട്ട് അല്പം പരിഭവത്തില്‍ പറഞ്ഞു "കൊച്ചു കള്ളി, ഒന്നും ഉണ്ടാക്കാന്‍ അറിയില്ലാന്നു പറഞ്ഞിട്ട് ??? " . ഞാന്‍ യുദ്ധം ജയിച്ച Saddam-നെ പോലെ "ഇതൊക്കെ നമുക്ക് പുല്ലല്ലേ" എന്നാ മട്ടില്‍ നിന്നു.

ചോറ് വിളമ്പി, കഴിക്കാന്‍ തുടങ്ങി. ഓരോന്ന് കഴിക്കുമ്പോഴും ആഹാ.. അടിപൊളി എന്നൊക്കെ പറയുന്നുണ്ട് കക്ഷി. മുഖ ഭാവം കാണുമ്പോള്‍ തെന്നെ അറിയാം.. ഇഷ്ടായി... സാമ്പാര്‍ എടുത്തു കൊണ്ട് പുള്ളി പറഞ്ഞു "അസലായിരിക്കുന്നു"... ഹോ ... ഞാന്‍ പെങ്ങടെ മുഖം മനസ്സില്‍ ഓര്‍ത്തു, ഇവിടെ എങ്ങാനും ആയിരുന്നെങ്കില്‍ കുറച്ചു സാമ്പാര്‍ എടുത്തു ആ വായില്‍ ഒഴിച്ച് കൊടുക്കായിരുന്നു. എന്തായിരുന്നു ചോദ്യങ്ങള്‍!!! അതൊക്കെ ഓര്‍ത്തപ്പോള്‍ ഞാന്‍ ചോറ് ചവച്ചരച്ചു. അപ്പോള്‍ അതാ എന്‍റെ ഫര്‍ത്തു സാമ്പാര്‍ വീണ്ടും എടുത്തു ചോറിലേക്ക്‌ കമതിക്കൊണ്ട് പറയുന്നു "ഇ പുളിങ്കറി അടിപൊളി ട്ടോ" .


വായിലേക്ക് ഇട്ട ചോറുരുള ചവക്കാതെ തന്നെ ഇറങ്ങി പോയി!