Wednesday, July 28, 2010

തീസിസ്‌

തിരുവല്ല അന്ന് ഇത്രയും വളര്‍ന്നിട്ടില്ല. ഒരു കൊച്ചു പട്ടണം, അതിന്‍റെ ഒരു കോണില്‍ ഓടിട്ട കുറെ കടകള്‍, അതില്‍ ഒന്ന് ഒരു പ്രിന്‍റിംഗ് കട. അതിന്‍റെ മുന്‍പില്‍ ആണ് ഞാന്‍ എന്നും ബസ്‌ ഇറങ്ങിക്കൊണ്ടിരുന്നത്. ആ കട കാണുന്നത് എനിക്ക് വെറുപ്പായിരുന്നു, അതിന്‍റെ owner- നു എന്നെ പേടിയും! അതിന്‍റെ പിന്നില്‍ ഒരു ചെറിയ വലിയ കഥ ഉണ്ട്. ഇതാ, ഇവിടെ തുടങ്ങുന്നു എന്‍റെ ആത്മ കഥ രണ്ടാം ഭാഗം.


Msc second year തീരാറായപ്പോള്‍ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട്‌ വന്നു. എനിക്ക് ക്ലാസ്സില്‍ distintion- നോടെ ഫസ്റ്റ്! അധ്യാപകര്‍ക്ക് എന്നോട് ഒരു വാത്സല്യം, കൂട്ടുകാര്‍ക്ക് ഒരു സ്നേഹം, juniors- നു ഒരു ബഹുമാനം... ഉം....... not bad at all... സംഗതി എനിക്ക് ക്ഷ പിടിച്ചു.

സെക്കന്‍റ് year-ല്‍ ഇനി exam ഇല്ലായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. Exam board-കാര്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥന തുടങ്ങി. Board-കാര്‍ക്ക് നല്ല ബുദ്ധി തോന്നിയില്ലെലും വീട്ടുകാര്‍ക്ക് നല്ല ബുദ്ധി തോന്നി. എന്‍റെ കല്യാണം fix. പക്ഷെ പരീക്ഷ എഴുതണം എന്ന condition. ഹോ.. ചെക്കനെ അങ്ങ് പിടിച്ചു പോയി അല്ലായിരുന്നെ.... അല്ലായിരുന്നെ എന്നാ ചെയ്യാനാ, പരീക്ഷ അപ്പോഴും എഴുതേണ്ടി വന്നേനെ. ഇതിപ്പോ സ്വന്തം വീട്ടുകാര്‍ മാത്രമല്ല ചെക്കന്‍റെ വീട്ടുകാരും result അറിയും. അതും ചെക്കനും, ചെക്കന്‍റെ പെങ്ങളും ഏല്ലാം University First Rank holders... ആകെ നാണക്കേട്‌ ആകുമെല്ലോ പുണ്യാളഛാ!!! പാമ്പ് കടിച്ചവന്റെ തലയില്‍ ഇടിത്തീ വീണ പോലെയായി എന്‍റെ അവസ്ഥ. ഇനി ഇപ്പൊ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്തൊക്കെയോ പഠിച്ചു, എന്തൊക്കെയോ എഴുതി, പരീക്ഷ തീര്‍ന്നു.


ഇനിയും കിടക്കുന്നു practicals, projects, viva, seminar .... കടമ്പകള്‍ ബാക്കി. അതിനു മുന്‍പ് വന്നു എന്നെ ഒന്ന് കെട്ടിക്കൂടെ ഇവന്??? ലീവ് കിട്ടുന്നില്ല പോലും! എന്നെ നാണം കേടുതിയെ അടങ്ങൂ. നോക്കിക്കോ, ഞാന്‍ മാനഹാനിക്കു കേസ് കൊടുക്കും @#*^.......

കല്യാണം എന്ന് കേട്ടപ്പോള്‍ സാറ്മ്മാര്‍ക്ക് ദേഷ്യം, പഠിത്തം ഉഴപ്പില്ലേ, seminar , viva ഒക്കെ കഴിഞ്ഞിട്ട് നോക്കിയാ പോരായിരുന്നോ എന്ന് ഒക്കെ എന്‍റെ മുന്നിലും പിന്നിലുമായി നിന്ന് പുലമ്പി. എനിക്ക് ആകെ പേടിയായി. കുറെ internals ഇവരുടെ കയ്യില്‍ ഉള്ളതാണ്. ഉഴപ്പുന്നില്ല എന്ന് ബോധ്യായാലെ അതൊക്കെ കിട്ടു. നമ്മളിലുള്ള മടി പമ്പ കടന്നു. written exam എന്തായാലും പോക്കായി. ഇനി practicals-m viva-ലും ആയി പഴയ പ്രതാപം വീണ്ടെടുക്കണം. കൃഷ്ണാ കാപ്പാതുന്ഗോ....


അങ്ങനെ പ്രൊജക്റ്റ്‌-ന്റെ തയ്യാറെടുപ്പിലാണ് ഞാന്‍. crystal growth ആണ് ഞാന്‍ എടുത്തത്‌. ഉള്ളതില്‍ വേഗം ചെയ്യാവുന്നത്. അങ്ങനെ അത് ഒരു കരക്കെതി, ഇനി thesis submit ചെയ്യണം. ഞാന്‍ ഉഴാപ്പിന്നില്ലെന്നു തെളിയിക്കാന്‍ ആദ്യമേ തന്നെ thesis print ചെയ്യാന്‍ മുന്‍ പറഞ്ഞ പ്രിന്‍റിംഗ് കടയില്‍ കൊടുത്തു. എന്നും ഹജിര്‍ വക്കാന്‍ ആ കടയില്‍ കയറി ഇറങ്ങി. ഹോ എന്താ ജാടാ അതിന്‍റെ ഓണര്‍ക്ക്! ഇതൊക്കെ എന്തോന്ന് thesis എന്ന മട്ടില്‍ അയാളും, ഇതാണ് thesis എന്ന മട്ടില്‍ ഞാനും.


ആഴ്ച രണ്ടു കഴിഞ്ഞു. പതിയെ പതിയെ ക്ലാസ്സിലെ എല്ലാവരും thesis first copy submit ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഹജിര്‍ വെപ്പ് ദിവസം രണ്ടു നേരം ആക്കി കൂട്ടി. ആഴ്ച ഒന്നും കൂടി കഴിഞ്ഞു, എന്‍റെ മാത്രം thesis ഇപ്പോഴും printing കടയില്‍ തന്നെ. Jacob Mathew sir എന്നെ പതിയെ വിളിച്ചു, എന്നിട്ട് അല്പം വിഷമത്തോടെ പറഞ്ഞു "കുട്ടിയുടെ thesis മാത്രം കണ്ടില്ല". ഞാന്‍ ഹജിര്‍ വെപ്പ് കാര്യം പറയാന്‍ വായ തുറന്നപ്പോള്‍ sir ദേഷ്യത്തില്‍ ഒരു ഡയലോഗ്-ഉം "ഇപ്പൊ കുട്ടിക്ക് പഠിത്തത്തില്‍ ഒന്നുമല്ലല്ലോ ശ്രദ്ധ " . ഒന്ന് കൂടി ശ്രമിച്ചു നോക്കാനായി ഞാന്‍ "സാര്‍, അത്.... ഞാന്‍..." വിക്കിയും മൂളിയും പറയാന്‍ തുടങ്ങിയപ്പോള്‍, മതി എന്ന് ആംഗ്യം കാണിച്ചു കൊണ്ട് സാര്‍ നടന്നകന്നു . ദാ... എന്‍റെ internal marks എന്നെ കൊഞ്ഞനം കുത്തി സാറിന്‍റെ കൂടെ തിരിഞ്ഞു നടക്കുന്നു. ഞാന്‍ ആകെ തളര്‍ന്നു. പിന്നെ എന്നിലെ രോഷം ആളി കത്തി. Printing കടയിലെ മനുഷ്യന്‍റെ മുന്‍പില്‍ ഞാന്‍ ഒരു നരസിംഹമായി അവതരിക്കും. ഞാന്‍ ദേഷ്യം കൊണ്ട് നിന്നു വിറക്കാന്‍ തുടങ്ങി. Class കഴിഞ്ഞിട്ടും ഞാന്‍ അതേ ദേഷ്യത്തില്‍ തന്നെ. ഇന്ന് കടയില്‍ ചെന്നിട്ടു രണ്ട് പറഞ്ഞിട്ടേ ഞാന്‍ അടങ്ങൂ എന്ന് ക്ലാസ്സില്‍ പ്രഖ്യാപിച്ചു ബസ്‌ കയറി.


എന്‍റെ ദേഷ്യം കണ്ട് പേടിച്ചു ക്ലാസ്സിലെ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ കുന്നംതാനംകാരി Jenie-യും, തലവടിക്കാരി രേഷ്മിയും കൂടെ ബസ്‌ കയറി. ബസ്‌ ഇറങ്ങി ഞാന്‍ വാണം വിട്ട പോലെ ആ കടയില്‍ ചെന്ന് നിന്നു. ഞാന്‍ നോക്കി , അതാ നില്‍ക്കുന്നു എന്നെ തെറി കേള്‍പ്പിച്ച ആ മനുഷ്യന്‍. എന്‍റെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ അയാള്‍ക്ക് എന്തോ പിശക് തോന്നിയിട്ട് പതിയെ കസേരയില്‍ നിന്നും പൊങ്ങി. ഞാന്‍ വളരെ ക്രൂരമായി അയാളെ നോക്കി, പിന്നെ "ബേഏഏഏഏഹ്ഹ്ഹെ ......" എന്നൊരു ശബ്ദത്തോടെ ഒരു ഒറ്റ കരച്ചില്‍. അയാളെക്കാളും ഞെട്ടിയത് എന്‍റെ കൂടെ വന്ന കൂട്ടുകാരികള്‍ ആയിരുന്നു. അയാള്‍ എന്നോട് ചോദിക്കുന്നു " എന്തിനാ കുട്ടി കരയുന്നെ?, എന്താ പറ്റിയെ? " എന്നൊക്കെ . ഞാന്‍ ദേഷ്യപ്പെടാന്‍ വീണ്ടും ഒരു ശ്രമം നടത്തി. പിന്നെയും "ബ്ബേ...." ശബ്ദം പുറത്തു വന്നതൊഴിച്ചാല്‍ scene വളരെ മോശം ആയികൊണ്ടിരുന്നു. ആളുകള്‍ കൂടാന്‍ തുടങ്ങി. കൂടെ വന്ന കൂട്ടുകാരികള്‍ കാര്യങ്ങള്‍ വിശദമായി അങ്ങേരോട് പറയുമ്പോഴും ഞാന്‍ ദീന രോദനം തന്നെ. അയാള്‍ പറഞ്ഞു "അയ്യോ മോള് കരയാതെ. Thesis ഇപ്പൊ print ചെയ്തു തരാം. " . എല്ലാരും കൂടെ പിടിച്ചു എന്നെ അയാളുടെ കസേരയില്‍ ഇരുത്തി. എനിക്ക് സൌകര്യമായിട്ടിരുന്നു കരയാന്‍ സോഡാ-നാരങ്ങ വെള്ളം ഒക്കെ വരുത്തി തന്നു. അത് ഏങ്ങലടിച്ചു വലിച്ചു കുടിച്ചു തീര്‍ന്നപ്പോഴേക്കും എന്‍റെ thesis മേശപ്പുറത്തു എത്തി.


അതും പെറുക്കി കെട്ടി നെഞ്ചോടോതുക്കി, കൂടി നിന്ന ആരുടേയും മുഖത്ത് നോക്കാതെ ഞാന്‍ വേഗം നടന്നു, എന്‍റെ കണ്ണീരിന്‍റെ വിലയുള്ള ആ thesis-മായി.

അടുക്കള വിശേഷം

എന്‍റെ അനുഭവ കഥ ആയാലോ?

എന്നാ തുടങ്ങട്ടെ?

വീട്ടിലെ കൊച്ചു കുട്ടി ആയതു കാരണം അടുക്കളയില്‍ കയറുന്നത് തിന്നാന്‍ വല്ലതും ആയോ എന്ന് നോക്കാന്‍ മാത്രമായിരുന്നു. അപ്പോഴെല്ലാം അമ്മ chorus പോലെ എപ്പോഴും പറയുമായിരുന്നു "ഈ പെണ്ണിനെ കെട്ടുന്നവന്‍ കഷ്ടപെടുമെല്ലോ , ഈശ്വരാ!!!" . നമുക്ക് ഇത് കേട്ട് കേട്ട് ശീലമായതു കാരണം നമ്മളും കൂടെ അങ്ങ് പറയും, അങ്ങനെ അമ്മയെ മയക്കും. :)

അങ്ങനെ മയക്കി മയക്കി MSc 2nd year ആയി. പതിയെ കല്യാണ ആലോചനകള്‍ തുടങ്ങി. നമള്‍ക്ക് അപ്പോഴും ഒരു കുലുക്കവുമില്ല, അടുക്കളയില്‍ കേറും അമ്മ ഉണ്ടാക്കി വൈക്കുന്നത് കഴിക്കും . അങ്ങനെ സുഖമായി കഴിയുന്ന സമയത്ത്, MSc model exam നടക്കുന്ന സമയത്ത്, ദാ ഒരു കല്യാണ ആലോചന, ചെക്കന്‍ വന്നു , interview എടുത്തു, pass ആയി എന്ന് അറിയിച്ചു. ഹോ നമുക്ക് പെരുത്ത സന്തോഷമായി, പക്ഷെ ഒരു കടമ്പ കൂടി - ചെക്കന്‍റെ പെങ്ങള്‍ക്ക് ഇഷ്ടമാവണം പോലും !!! ഓ പിന്നെ, പെങ്ങള്‍ ഇങ്ങു വരട്ടെ , നമ്മള്‍ കുപ്പിയില്‍ ആക്കും എന്ന ജാടയില്‍ ഞാനും.

രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ Scientist കൂടി ആയ പെങ്ങള്‍ പരിവാരങ്ങളുമായി വന്നു. അതൊരു interview തന്നെ ആയിരുന്നു. ചോദ്യങ്ങള്‍ കൂടുതലും അടുക്കള related കാര്യങ്ങള്‍ ... നമ്മള്‍ പതിയെ പതുങ്ങാന്‍ തുടങ്ങി. ഒടുവിലത്തെ ചോദ്യം - " എന്തെല്ലാം ഉണ്ടാക്കാന്‍ അറിയാം?" . ഞാന്‍ അമ്മയുടെ chorus മനസ്സില്‍ ഓര്‍ത്തു, പിന്നെ രണ്ടും കല്‍പ്പിച്ചു അങ്ങ് പറഞ്ഞു - "അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, കൂടുകറി, എരിശ്ശേരി ,..." (പെങ്ങളുടെ മുഖം സന്തോഷം കൊണ്ട് വികസിച്ചു പൊട്ടാറായി ) ... കുറച്ചു ഒന്ന് പരുങ്ങിയിട്ടു ഞാന്‍ പറഞ്ഞു തീര്‍ത്തു "... ഇതൊന്നും ഉണ്ടാക്കാന്‍ അറിയില്ല. മുട്ട പൊരിക്കാന്‍ അറിയാം" എന്ന്. പെങ്ങടെ വികസിച്ച മുഖം ശുഷ്കിച്ചു ഉണങ്ങി. ഞാന്‍ ചേച്ചിയെ സമാധിനിപ്പിച്ചു "ചേച്ചി പേടിക്കേണ്ട, ഞാന്‍ എല്ലാം പഠിച്ചോള്ളാം ." ആ ഉറപ്പിന്‍റെ പുറത്തു ആണെന്ന് തോന്നുന്നു അവര്‍ എല്ലാരും എന്നെയ്യും എന്‍റെ ചെക്കനേയും കല്യാണം കഴിക്കാന്‍ അനുവദിച്ചു ... ഹീഇയ്യാ ഇനി exam എഴുതാന്‍ പോകേണ്ടല്ലോ !!! ആദ്യം മനസ്സില്‍ വന്നത് അതായിരുന്നു. എവിടെ , ആര് സമ്മതിക്കാന്‍!!!- ഭാവി അമ്മായിയപ്പനും അച്ഛന്‍റെ കൂടെ മറ്റൊരു വില്ലന്‍ വേഷത്തില്‍ മുന്നില്‍ അവതരിച്ചു! അങ്ങനെ പരീക്ഷ എഴുതി.


ഭാരങ്ങള്‍ എല്ലാം ഇറക്കി വെച്ച് കല്യാണം എന്നാവും എന്ന് നോക്കി നോക്കി കലണ്ടര്‍ പത്തു വര്‍ഷം പഴയ പോലെയായി. കല്യാണത്തിന് ഇനിയും നീണ്ട ഒരു വര്‍ഷം കൂടി. അമ്മയുടെ chorus- നു ചെറിയ മാറ്റം വന്നതൊഴിച്ചാല്‍ നമുക്ക് ഒരു മാറ്റവും ഇല്ല. ഇപ്പോള്‍ അമ്മ എന്‍റെ ചെക്കന്‍റെ പേര് include ചെയ്തിരിക്കുന്നു. "ജ്യോതിഷ് കഷ്ടപ്പെടുമെല്ലോ! ഈശ്വരാ!" എന്നാക്കി. കൊള്ളാം ..കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. നമ്മള്‍ happy.


പറഞ്ഞു പറഞ്ഞു കല്യാണം ഇങ്ങു അടുത്തു. May- ല്‍ കല്യാണം! April തീരായാപ്പോള്‍ നെഞ്ചില്‍ ഒരു പിട പിടപ്പ്. ഉള്ള നേരത്ത് അമ്മയുടെ പുറകെ ബുക്കും കൊണ്ട് നടപ്പായി. Chemical equations എഴുതുന്ന പോലെ " കുമ്പളങ്ങ + വഴുനങ്ങ + കായ + മുളക് പൊടി + മല്ലി പൊടി + ........ + കാരറ്റ് ------> " എന്നൊക്കെ എഴുതിയെടുത്തു ഒരു വലിയ recipe ബുക്ക്‌ ഉണ്ടാക്കി. ഇനി എന്ത് പേടിക്കാന്‍!!!


അങ്ങനെ കല്യാണം കഴിഞ്ഞു. രണ്ടു ആഴ്ചത്തെ വിരുന്നു പോകല്‍ എല്ലാം കഴിഞ്ഞു എന്‍റെ ചെക്കന്‍റെ കൂടെ ഞാന്‍ നാട് വിട്ടു. ഇവിടെ വന്നു ഒരു ആഴ്ച കൂട്ടുകാരുടെ ഒക്കെ വീട്ടില്‍ വിരുന്നുണ്ട്‌ നടന്നു. അങ്ങനെ ഞാന്‍ അടുക്കളയില്‍ കേറാന്‍ പോകുന്നു. എന്തിനു പേടി, എന്‍റെ recipe book കൈയ്യില്‍ ഉണ്ടെല്ലോ. ഞാന്‍ ബുക്കും എടുത്തു അടുക്കളയിലേക്കു march ചെയ്തു. ഒരു യുദ്ധത്തിന് പോകുന്ന വീര്യത്തോടെ നമ്മള്‍ ready. പച്ചക്കറികള്‍ എടുക്കുന്നു, വെട്ടുന്നു, പുഴുങ്ങുന്നു, എന്തൊക്കെയോ ചെയ്യുന്നു... എന്താണേല്‍ എന്നാ അഞ്ചു കൂട്ടം കറികള്‍ റെഡി. സാമ്പാര്‍, തീയല്‍, രണ്ടു കൂട്ടം തോരന്‍, അവിയല്‍, നല്ല തുമ്പപ്പൂ പോലുള്ള ചോറും. വിശപ്പിന്റെ വിളി നല്ലോണം എത്തിയിട്ടേ ചെക്കനെ കഴിക്കാന്‍ വിളിച്ചുള്ളൂ. പുള്ളി വന്നു നോക്കിയപ്പോള്‍ ഞെട്ടി, നല്ല കൊതിപ്പിക്കുന്ന കൂട്ടാനുകള്‍ മേശപ്പുറത്തു നിരന്നങ്ങു ഇരിക്കുവല്ലേ! എന്‍റെ കവിളില്‍ പതിയെ ഒന്ന് നുള്ളി , എന്നിട്ട് അല്പം പരിഭവത്തില്‍ പറഞ്ഞു "കൊച്ചു കള്ളി, ഒന്നും ഉണ്ടാക്കാന്‍ അറിയില്ലാന്നു പറഞ്ഞിട്ട് ??? " . ഞാന്‍ യുദ്ധം ജയിച്ച Saddam-നെ പോലെ "ഇതൊക്കെ നമുക്ക് പുല്ലല്ലേ" എന്നാ മട്ടില്‍ നിന്നു.

ചോറ് വിളമ്പി, കഴിക്കാന്‍ തുടങ്ങി. ഓരോന്ന് കഴിക്കുമ്പോഴും ആഹാ.. അടിപൊളി എന്നൊക്കെ പറയുന്നുണ്ട് കക്ഷി. മുഖ ഭാവം കാണുമ്പോള്‍ തെന്നെ അറിയാം.. ഇഷ്ടായി... സാമ്പാര്‍ എടുത്തു കൊണ്ട് പുള്ളി പറഞ്ഞു "അസലായിരിക്കുന്നു"... ഹോ ... ഞാന്‍ പെങ്ങടെ മുഖം മനസ്സില്‍ ഓര്‍ത്തു, ഇവിടെ എങ്ങാനും ആയിരുന്നെങ്കില്‍ കുറച്ചു സാമ്പാര്‍ എടുത്തു ആ വായില്‍ ഒഴിച്ച് കൊടുക്കായിരുന്നു. എന്തായിരുന്നു ചോദ്യങ്ങള്‍!!! അതൊക്കെ ഓര്‍ത്തപ്പോള്‍ ഞാന്‍ ചോറ് ചവച്ചരച്ചു. അപ്പോള്‍ അതാ എന്‍റെ ഫര്‍ത്തു സാമ്പാര്‍ വീണ്ടും എടുത്തു ചോറിലേക്ക്‌ കമതിക്കൊണ്ട് പറയുന്നു "ഇ പുളിങ്കറി അടിപൊളി ട്ടോ" .


വായിലേക്ക് ഇട്ട ചോറുരുള ചവക്കാതെ തന്നെ ഇറങ്ങി പോയി!