Thursday, February 24, 2011

കല്യാണിക്കുട്ടിയും വിശുദ്ധനും!



പ്രീ ഡിഗ്രി അഡ്മിഷന്‍ കാര്‍ഡും കൊണ്ട് Principal- ന്‍റെ റൂമില്‍ നിന്നും ഇറങ്ങി അഭിമാനത്തോടെ ഞാന്‍ ചുറ്റും വീണ്ടുമൊന്നു കണ്ണോടിച്ചു. ആഹാ.. എത്ര പ്രകൃതി രമണീയമായ സ്ഥലം! കണ്ണെത്താ ദൂരത്തോളം റബ്ബര്‍ മരങ്ങള്‍!!! അതിനിടയില്‍ ഒരു കുന്നിന്റെ മുകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന വനിതാ കോളേജ്!!! ആ കോളേജിന്റെ മുറ്റത്തിന്റെ നടുവിലായി രണ്ടു കൈയും ഉയര്‍ത്തി നില്‍ക്കുന്ന ഒരു പുണ്യാളന്റെ പ്രതിമ! പാവം... ഇത്രയും അധികം പെണ്‍പിള്ളാരുടെ ഇടയില്‍ ആകെ ഉള്ള പുരുഷ പ്രജയായി ഇദ്ദേഹം മാത്രം. തലയില്‍ കൈ വെയ്ക്കാന്‍ പോകുമ്പോള്‍ ആരോ "Statue !!!" പറഞ്ഞപോലെ ആണ് കക്ഷിടെ നില്‍പ്പ്. കോളേജില്‍ നിന്നും ഒന്ന് ചാടിയാല്‍ മതി ഹോസ്റ്റലില്‍ എത്താന്‍. അവിടെയും കേറി, ഹോസ്റ്റല്‍ വാര്ടെന്‍ Mother Mercy- യെ കണ്ടു സംസാരിച്ചു. എനിക്ക് എല്ലാം ഇഷ്ടായി... ഞാന്‍ ഇവിടെ ഒരു കാസറ് കസറും. മനസ്സില്‍ പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി. വീണ്ടും പുണ്യാളനെ നോക്കി , ഒരു ചെറിയ യാത്ര പറയല്‍.



അങ്ങനെ ആ സുദിനം ആഗതമായി. പെട്ടിയും കിടക്കയുമെടുത്തു ഞാന്‍ നാളെ യാത്രയാവുന്നു. ഹോസ്റ്റല്‍ ജീവിതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആകാന്‍ പോകുന്നു. രാവിലെ തന്നെ ഉണര്‍ന്നു റെഡിയായി , അച്ഛന്റെയും അമ്മയുടെയും കാലില്‍ വീണു. അനുഗ്രഹം മേടിചെന്നോ അതോ ചെയ്യാനിരിക്കുന്ന പാപങ്ങള്‍ക്ക്‌ നേരത്തെ ക്ഷെമ മേടിചെന്നോ അതിനെ വ്യാഖ്യാനിക്കാം. എന്തായാലും ആ പറഞ്ഞത് മേടിച്ചു ഞാന്‍ എന്റെ രണ്ടു വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം തുടങ്ങി. അമ്പലവും ചുറ്റുപാടും അമ്പലത്തിന്റെ school - ലുമായി കളിച്ചു വളര്‍ന്ന എനിക്ക് ആ പുണ്യാളനും അദ്ധേഹത്തിന്റെ കോളേജും ഹോസ്റെലും ശീലങ്ങളും എല്ലാം പുതുതായിരുന്നു.

എല്ലാം കാര്യമായി തന്നെ ഞാന്‍ വീക്ഷിച്ചു പഠിച്ചു. എല്ലാ വ്യാഴാഴ്ചയും non-catholics- ഉം catholics-ന്റെ കൂടെ chapel-ലില്‍ പോകണം എന്നത് Mother Mercy-ക്ക് നിര്‍ബന്ധം. അന്നേ ദിവസം ഏതേലും non-catholics-നെ കൊണ്ട് ബൈബിള്‍ വായിപ്പിക്കുക എന്നൊരു അതി ക്രൂരമായ വിനോദം കൂടി ഉണ്ടായിരുന്നു Mother Mercy-ക്ക്. എനിക്ക് എന്തോ ബൈബിള്‍ വായിക്കുന്ന ആ tune നന്നേ ഇഷ്ടായി. അധികം താമസിയാതെ എന്റെ ഊഴം വന്നു. ഭാഗവതം എടുത്തു കണ്ണില്‍ വയ്ക്കുന്ന പോലെ ഞാന്‍ ബൈബിള്‍ ഒക്കെ എടുത്തു കണ്ണില്‍ വെച്ച് ഭക്തിയോടെ ആരംഭിച്ചു. പണ്ടേ ആളുകളെ അനുകരിക്കുന്ന ഒരു ശീലം ഉള്ളത്  കാരണം ഞാന്‍ Mother Mercy- ടെ ശബ്ദം അനുകരിചായിരുന്നു പാരായണം .

അങ്ങനെ അങ്ങനെ വായിച്ചു വായിച്ചു വന്നപ്പോള്‍ ദാ ഒരു "വി. പത്രോസ് ", ഞാന്‍ ഒന്നൂടെ നോക്കി, അതെ "വി. പത്രോസ് " തന്നെ. ങേ! പണ്ടും initials ഒക്കെ ഉണ്ടായിരുന്നോ!!! ആദ്യം ഒന്ന് പരുങ്ങിയെങ്കിലും പിന്നെ ഒട്ടും അമാന്തിക്കാതെ പാരായണം തുടര്‍ന്നു ..." V. പത്രോസ് ....". ആ page മുഴുവന്‍ V. പത്രോസ് -നെ കുറിച്ചായിരുന്നെന്നു തോന്നുന്നു. വേറെ ഒന്നും മനസ്സിലായില്ലെങ്കിലും V. പത്രോസ് ഏതോ വലിയ പുള്ളി ആണെന്ന് മാത്രം മനസ്സിലായി, അല്ലേല്‍ പിന്നെ Bible-ല്‍ ഒക്കെ V. പത്രോസ്നെ കുറിച്ച് എഴുതുമോ! ഞാന്‍ നല്ല ഈണത്തില്‍ നീട്ടിയും കുറുക്കിയും വായിച്ചു തീര്‍ന്നു.

Chapel time കഴിഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോള്‍ ഒരു hindu ആയ ഞാന്‍ ഇത്രയും നന്നായി bible വായിച്ചതിനെ എല്ലാരും പ്രശംസിക്കുന്ന രംഗമോര്‍ത്തു രോമാന്ജ കന്ജുകയായി. പുറത്തു ഇറങ്ങിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ! ഞാന്‍ ഒരു question mark പോലെ നിന്നപ്പോള്‍ അതാ ഒന്ന് ചിരിച്ചു കാണാന്‍ ബുദ്ധിമുട്ടുള്ള Mother Mercy ഓടി വന്നു എന്നെ കെട്ടി പിടിച്ചു പൊട്ടി ചിരിക്കുന്നു. ഇടയ്ക്കു ഇടയ്ക്കു V. പത്രോസ് , V. പത്രോസ് എന്നു പിച്ചും പേയും  പറയുന്നുമുണ്ട്. ഹോ Mother Mercy-ക്ക് ഇഷ്ടായി... ഇഷ്ടായി... ഞാനും തിരിച്ചും കെട്ടിപിടിച്ചു.


എന്തിനു അധികം പറയേണ്ടു, ആ Bible പാരായണത്തോടെ എനിക്ക് കോളേജില്‍ വളരെ "നല്ല പേരായി", "V. Pathrose" !!!

വിശുദ്ധ പത്രോസിനു ഈ കല്യാണിക്കുട്ടിയുടെ ഉപകാര സ്മരണ